അടൂർ : പാതയോരത്തെ മെറ്റൽ റോഡിലേക്ക് ഒഴുകിയെത്തുന്നത് അപകട സാധ്യത വർധിപ്പിച്ചു. ഏഴംകുളം - ഏനാത്ത് റോഡിൽ വയലാ ജംഗ്ഷനിലാണ് പ്രശ്നം.
ജലജീവൻ പൈപ്പ് പണിക്കു ശേഷം റോഡ് വശത്തെ കുഴികൾ അടച്ച് മുകളിലിട്ട മെറ്റലാണ് മഴയത്ത് റോഡിലേക്ക് ഒഴുകുന്നത്. കുഴികളിൽ മണ്ണിട്ട ശേഷം മുകളിൽ മെറ്റൽ നിരത്തി പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൃത്യമായ രീതിയിൽ കോൺക്രീറ്റ് ചെയ്യുകയോ മെറ്റൽ ഉറപ്പിക്കുകയോ ചെയ്തിരുന്നില്ല. പണിക്കു ശേഷം ഈ ഭാഗത്ത് റോഡ് വശം വ്യാപകമായി തകർന്നിട്ടുണ്ട്.
ചിലയിടങ്ങളിൽ മാത്രമാണ് കോൺക്രീറ്റ് ചെയ്ത് ശരിയാക്കിയിട്ടുള്ളത്. കോൺക്രീറ്റ് ചെയ്യാത്ത ഇടങ്ങൾ മഴവെള്ളം ഒഴുകുന്നതോടെ കുഴിയായി മാറിയിട്ടുണ്ട്. റോഡിൽ ഇറക്കം കൂടി വരുന്ന ഭാഗത്താണ് മെറ്റലുകൾ റോഡിലേക്ക് ഒഴുകുന്നത്. റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ മെറ്റലിൽ കയറി നിയന്ത്രണം വിടാൻ സാധ്യതയേറെയാണ്.
റോഡ് വശങ്ങൾ കുഴിയായി കിടക്കുന്നതു കാരണം പലഭാഗത്തും കാൽനടയാത്രക്കാർക്ക് റോഡിലേക്ക് കയറി നടക്കേണ്ട സ്ഥിതിയാണ്. അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ബന്ധപ്പെട്ടവർ ഇടപെട്ട് ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.